Friday, March 6, 2009

കളിയിടം

കളിയിടം



അല്ലാ.. എന്താ പരിപാടി? 


പതിനഞ്ചു വയസ്സിനും ഒന്‍പതു വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്കായി സൈന്‍സ് എന്‍സെംബിള്‍ ആര്‍ട്സ് ചെറുന്നിയൂരില്‍ വച്ചു നടത്തുന്ന അവധിക്കാല ക്യാമ്പ്(കൃത്യമായി പറഞ്ഞാല്‍ പത്താം ക്ലാസ്സിനും അഞ്ചാം ക്ലാസ്സിനും ഇടയ്ക്കുള്ള കുട്ടികള്‍, നാലാം ക്ലാസ്സിലെ പരീക്ഷ എഴുതി നില്‍ക്കുന്നവര്‍ക്കും പങ്കെടുക്കാം ) - 
കുട്ടികളുടെ കൂട്ടായ്മ, നാടകോല്‍സവം, ചലച്ചിത്രോത്സവം, ശില്പശാലകള്‍ എന്നിവയായിരിക്കും ഈ ക്യാമ്പിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍. 

എവിടെ ?
 
ചെറുന്നിയൂര്‍ ഗവ: ഹൈസ്കൂള്‍ പരിസരം 

എന്നാണ്?
 
ഏപ്രിലിലെ മൂന്നാമത്തെ ആഴ്ചയായിരിക്കും പ്രോഗ്രാം തുടങ്ങുന്നത്. ഏതാണ്ട് എട്ടു ദിവസം നീണ്ടു നില്ക്കുന്ന ക്യാമ്പാണ് ഉദ്ദേശിക്കുന്നത്. കൃത്യമായി പറഞ്ഞാ‍ല്‍ ഏപ്രില്‍ 19 മുതല്‍ 26 വരെ ആയിരിക്കും ക്യാമ്പ്. 

അപ്പോ പരിപാടിയുടെ പേരെന്താ? 
കളിയിടം 

ആരാ ഇതു നടത്തുന്നത്
? 

അതൊരു വലിയ കഥയാണ്. ചെറുന്നിയൂര്‍ പഞ്ചായത്ത് കേന്ദ്രമാക്കി ഒരു ഒരു.. എന്താ ഇപ്പൊ പറയുക.. ഒരു സ്കൂള് എന്നു വേണമെങ്കില്‍ പറയാം.. ഒരു ക്രീയേറ്റീവ് ഡെവലപ്മെന്റ് സെന്റര്‍.. ( ഇതിന്റെയൊക്കെ മലയാളമെഴുതുകയാണെങ്കില് ഭയങ്കര ബുദ്ധിജീവി സംഭവമായിപ്പോവും ). അപ്പോ എന്താ പറഞ്ഞു വന്നത്? അതെ അങ്ങനെ ഒരു ഇന്‍സ്റ്റിറ്റ്യൂഷന്‍ തുടങ്ങാന് ഞങ്ങള് കുറച്ചു പേര് ചേര്‍ന്ന് കൊറേ നാളായി ചിന്തിച്ചും വീണ്ടും ചിന്തിച്ചും ചര്‍ച്ച ചെയ്തും വീണ്ടും വീണ്ടും ചര്‍ച്ച ചെയ്തും ചിന്തിച്ചോണ്ട് ചര്‍ച്ച ചെയ്തും ചര്‍ച്ച ചെയ്തോണ്ട് ചിന്തിച്ചും അങ്ങനെ അങ്ങനെ ജീവിക്കുകയായിരുന്നു. അപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം ഞങ്ങള്‍ക്ക് മനസ്സിലായത്.. ഇനീം ചിന്തിച്ചോണ്ടിരുന്നിട്ട് പ്രത്യേകിച്ച് ഒരു കാര്യവുമില്ലെന്നും എന്തെങ്കിലുമൊക്കെ ചെയ്തില്ലെങ്കില്‍ ആസ് യൂഷ്വല്‍ വയസ്സായി ചത്തു പോവുകയേ ഉള്ളൂ എന്ന്.. 
അതു കൊണ്ട് അങ്ങനെ തുടങ്ങാന്‍ പോകുന്ന ആ ആപ്പിള്‍ ട്രീയുടെ (അതൊരു നല്ല പേരാ അല്ലേ?) അല്ലെങ്കില് റ്റോമോഗാക്വന്റെ(ടോട്ടോച്ചാന്റെ പുസ്തകം വായിച്ചിട്ടുള്ളവര്‍ക്ക് ആ സ്കൂള് ഓര്‍മ്മയുണ്ടാവും) അല്ലെങ്കില് ആ സംഭവത്തിന്റെ ഒരു തുടക്കമാണ് ഈ അവധിക്കാല ക്യാമ്പ്. 

എന്തൊക്കെയാണ് ക്യാമ്പിന്റെ ലക്ഷ്യങ്ങള്‍ ?
 


കളിയിടം – KALIYITAM. അതായത് KALI(കളി), ART(കല), LITERATURE(സാഹിത്യം), INSIGHT(ഉള്‍ക്കാഴ്ച), YOU(ഏറ്റവും പ്രധാനമായി നിങ്ങള്‍ അഥവാ അവനവനെ അറിയല്‍), IMAGINATION(ഭാവന), THEATRE (നാടകം), AESTHETICS(സൗന്ദര്യബോധം) and MUSIC (സംഗീതം) 

എന്താണ് ഈ സ്കൂള്‍ / ഇന്‍സ്റ്റിറ്റ്യൂഷന്‍ കൊണ്ടുദ്ദേശിക്കുന്നത്? 

ഔദ്യോഗിക പാഠ്യപദ്ധതിയ്ക്കു പകരമല്ല ഇത്തരമൊരു സ്കൂള്‍ (ഇപ്പോഴെത്തേക്കെങ്കിലും).. പകരം കല എന്ന ഒരു വലിയ മീഡിയത്തെ ഉപയോഗപ്പെടുത്തി പങ്കെടുക്കുന്ന കുട്ടികളുടെ വൈകാരികവും സാമൂഹികവും ബൌദ്ധികവുമായ വികസനം സാധ്യമാക്കുക എന്നതാണ് പ്രധാന കാഴ്ചപ്പാട്. ഇതിന്റെ സ്വാഭാവികമായ ഒരനുബന്ധം എന്ന നിലയില്‍ ഈ സ്ഥാപനവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഇമ്മീഡിയറ്റ് സൊസൈറ്റിയിലേക്കും പ്രകൃതിയിലേക്കും ഈ പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കപ്പെടേണ്ടതുണ്ട്. സാഹിത്യം, സംഗീതം, തനത് കലാരൂപങ്ങള്‍, ചിത്രകല, ശില്പകല, ഇവയെയൊക്കെ കൂട്ടിച്ചേര്‍ത്തു കൊണ്ടു നിലനില്‍ക്കുന്ന തീയേറ്റര്‍ എന്നിവയാണ് പ്രധാനമായും ഈ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന മേഖലകള്‍. സ്ഥിരമായ ക്ലാസുകളോ പ്രവര്‍ത്തനങ്ങളോ തുടങ്ങുന്നതിനു മുന്‍പ്, ഇതേ കാഴ്ചപ്പാടുള്ള ഒരു ചെറിയ ഗ്രൂപ്പിനെയെങ്കിലും രൂപീകരിക്കേണ്ടത് അത്യാവശ്യമാണ്. Routine activities നെ പറ്റിയും budgeting പറ്റിയുമൊക്കെ വ്യക്തമായ ധാരണ അത്തരമൊരു ഗ്രൂപ്പില്‍ നിന്നായിരിക്കണം ഉണ്ടായി വരേണ്ടത്. ഇതൊരു പ്രോഫിറ്റ് ഓറിയന്റഡ് ഇന്‍സ്റ്റിറ്റ്യൂഷന്‍ അല്ല. എന്നാല്‍ സാമ്പത്തികമായ അസന്തുലിതാവസ്ഥയോ അപര്യാപ്തതയോ ഈ സ്ഥാപനത്തെ ബാധിക്കാതിരിക്കാനുള്ള എല്ലാ വിധ മുന്‍‌കരുതലുകളും ഉണ്ടായിരിക്കേണ്ടതുമുണ്ട്. നടത്തിപ്പിലും നയരൂപീകരണത്തിലും അതാത് മേഖലകളില്‍ വൈദഗ്ധ്യമുള്ള വ്യക്തികളെ പങ്കെടുപ്പിക്കേണ്ടതുമുണ്ട്. 

ശരി, ഇനി ക്യാമ്പിനെ പറ്റി ചോദിക്കട്ടേ.. ഇതൊക്കെ എങ്ങിനെ ചെയ്യാനാ നിങ്ങള്‍ ഉദ്ദേശിക്കുന്നത് ? 

അതൊരു നല്ല ചോദ്യമാണ്. ഇന്ത്യയിലെ പ്രഗല്‍ഭരായ കലാകാരന്മാരുടെയും സാമൂഹ്യപ്രവര്‍ത്തകരുടേയും വിവിധ സെഷ്ഷനുകളായിരിക്കും ഈ ക്യാമ്പിലുണ്ടാവുക. എല്ലാ സെഷ്ഷനും എവിടെയെങ്കിലും ജീവിതത്തിന്റെ കാഴ്ചകളെ കാട്ടിക്കൊടുക്കുന്നതായിരിക്കും
. കളിയും സാഹിത്യവും സംഗീതവും ചിത്രകലയും തീയേറ്ററുമെല്ലാം തന്നെയും തനിക്കു ചുറ്റുമുള്ള ലോകത്തേയും കണ്ടെത്താനുള്ള ഉപാധികളാണ് എന്നുള്ളതു മാത്രമാണ് സംഘാടകര്‍ എന്നുള്ള നിലയില്‍ ഞങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ഒരേയൊരാശയം. ഇതു പോലും ഒരു വിശ്വാസമായല്ല, തര്‍ക്കിക്കാനുള്ള ഒരു വിഷയമായാണ് ഞങ്ങള്‍ കരുതുന്നത്. മതപരമോ രാഷ്ടീയമോ സാമൂഹികമോ ആയ ഒരു കടും പിടിത്തവും ഈ ക്യാമ്പു വഴി കുട്ടികളിലേക്കെത്തരുത് എന്നു ഞങ്ങള്‍ ആത്മാര്‍ത്ഥമായും ആഗ്രഹിക്കുന്നുണ്ട് 

ഇതൊരു സഹവാസ ക്യാമ്പാക്കി നടത്തണമെന്നായിരുന്നു ആദ്യമുണ്ടായ തീരുമാനം. എന്നാല്‍ അതിനാവശ്യമായ മുന്നൊരുക്കങ്ങളും അതിന്റെ ബുദ്ധിമുട്ടുകളും പരിഗണിച്ച് പകല്‍ ക്യാമ്പാക്കാനാണ് ഇപ്പോഴത്തെ തീരുമാനം. പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണത്തിലും നിയന്ത്രണം ഉണ്ടായിരിക്കും. ഇതിനായി ഏപ്രില്‍ 6 ന് ചെറുന്നിയൂരില്‍ ഗവ: ഹൈസ്കൂളില്‍ വച്ചു തന്നെ ഒരു ഏകദിന സെലക്ഷന്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ശ്രീ. സുകു നൂറനാട് പങ്കെടുത്ത ഈ ക്യാമ്പില്‍ നിന്നും 30 കുട്ടികളെ കളിയിടത്തിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. 

ഇതില്‍ മറ്റേതെങ്കിലും സംഘടനകളോ ആള്‍ക്കാരോ പങ്കാളികളായുണ്ടോ? 

ആശയരൂപീകരണത്തിലും സംഘാടനത്തിലും സൈന്‍സ് എന്‍സെമ്പിള്‍ ആര്‍ട്സ് എന്നറിയപ്പെടുന്ന ഒരു കൂട്ടായ്മയിലെ പ്രവര്‍ത്തകരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. എന്നാല്‍ ഈ അവധിക്കാല ക്യാമ്പിന്റേയും അതിനെ തുടര്‍ന്നുള്ള ആ ക്രീയേറ്റീവ് സ്കൂളിന്റേയും പ്രവര്‍ത്തനങ്ങളില്‍ ചെറുന്നിയൂരിലെ ഒട്ടനേകം സംഘടനകളേയും വ്യക്തികളേയും ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ചെറുന്നിയൂര്‍ ഗ്രാമ പഞ്ചായത്ത്, ചെറുന്നിയൂരിലെ വിവിധ സ്കൂളുകള്‍, റെഡ്സ്റ്റാര്‍, ശാസ്ത്ര സാഹിത്യ പരിഷത്ത്, പാലച്ചിറ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആനന്ദ് ജ്യോതി സ്പെഷല്‍ ഏജ്യൂക്കേഷന്‍ സെന്റര്‍, എന്നീ പ്രസ്ഥാനങ്ങളുടെ സഹകരണം ഔദ്യോഗികമായി തന്നെ ഞങ്ങളെ അറിയിച്ചിട്ടുണ്ട്.



ഈ സൈന്‍സ് എന്നാലെന്താ? പുതിയ വല്ല സംഘടനയും ആണോ?



സൈന്‍സ് എന്നത് കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരമുള്ള ഒരു സാംസ്കാരിക സംഘടനയാണ്. വര്‍ക്കല കേന്ദ്രമാക്കിയാണ് ഇതിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ നാലു കൊല്ലങ്ങളായി ഈ സംഘടന നിലവിലുണ്ട്. വളരെ ചുരുക്കം വ്യക്തികളുടെ ഒരു കൂട്ടായ്മയില്‍ നിന്നാണ് ഈ സംഘടന രൂപം കൊണ്ടത്. ഇപ്പോഴും വിപുലമായ മെമ്പര്‍ഷിപ്പു വിതരണം സൈന്‍സിന്റെ അജണ്ടയില്‍ ഇല്ല. വര്‍ക്കലയിലും ചുറ്റുമുള്ള പഞ്ചായത്തുകളിലും വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക എന്നതാണ് സൈന്‍സിന്റെ പൊതുവായ പരിപാടി. ഇതിനു പുറമേ ഇത്തരം സം‌രഭങ്ങള്‍ക്ക് ഒരു തുടര്‍ച്ച കണ്ടെത്താനാവശ്യമായ ഒരു സെക്കന്റ് ജെനറേഷനെ കണ്ടെത്തുക / വളര്‍ത്തിയെടുക്കുക എന്നതും ഈ സംഘടനയുടെ ലക്ഷ്യങ്ങളില്‍ പെടുന്നു. പ്രധാനമായും കലയുടേയും അറിവിന്റേയും രൂപീകരണം, വിതരണം, പുനരുല്പ്പാദനം എന്നിവയാണ് ഈ സംഘടന കൊണ്ടുദ്ദേശിക്കുന്നത്. നിലനില്‍ക്കുന്ന ഏതെങ്കിലും പ്രസ്ഥാനങ്ങളേയോ പ്രവര്‍ത്തനങ്ങളേയോ മാറ്റി വക്കുക എന്നതല്ല, പകരം ഇത്തരം സാമൂഹിക ഘടനകളില്‍ അടങ്ങിയിരിക്കുന്ന സര്‍ഗ്ഗപരമായ ഊര്‍ജ്ജത്തെ ഉത്തേജിപ്പിക്കുക, അതിനാവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക എന്നിവയാണ് സൈന്‍സിന്റെ ധര്‍മ്മം. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ പുതിയൊരു ജനകീയ പ്രസ്ഥാനമായി മാറാതെ തന്നെ മറ്റു സംഘടനകളോടൊപ്പം പ്രവര്‍ത്തിക്കുന്ന ഒരു motivator / facilitator അഥവാ ഉത്സാഹക്കമ്മിറ്റി ആയി പ്രവര്‍ത്തിക്കുകയാണ് സൈന്‍സ് കൊണ്ടുദ്ദേശിക്കുന്നത് 

സംഗതിയൊക്കെ കൊള്ളാം.. ഇതിന്റെ ചെലവെങ്ങനെയാ? മറ്റ് ഒരുക്കങ്ങള്‍?
 

ഹ്മ്... (ഒരു ദീര്‍ഘ നിശ്വാസം.!) ചെലവ് ഒരു പ്രധാന പ്രശ്നം തന്നെയാണ്. ഒരു വിപുലമായ പണപ്പിരിവ് വേണ്ട എന്നു തന്നെയാണ് ഞങ്ങളുടെ ആഗ്രഹം. 

പ്രധാനമായും താഴെ പറയുന്ന വിഭാഗങ്ങളിലാണ് ചെലവുകള്‍ വരിക: 



1. സ്ഥലം 
2. ക്യാമ്പ് റിസോഴ്സ് പേഴ്സണ്‍സിനുള്ള ഫീസ്

3. സ്റ്റേജ് പെര്‍ഫോര്‍മന്‍സുകള്‍ക്കാവശ്യമായ തുക

4. ഗതാഗതം 
5. കുട്ടികള്‍ക്കും പ്രവര്‍ത്തകര്‍ക്കുമാവശ്യമുള്ള ഭക്ഷണം 
6. പബ്ലിസിറ്റി തുക (പോസ്റ്ററുകള്‍, നോട്ടീസുകള്‍, ബ്രോഷറുകള്‍, അനൗണ്‍സുമെന്റ്, പ്രിന്റ് ഔട്ട്‌സ് ..) 
7. ക്യാമ്പിനാവശ്യമായ സെറ്റ്, പ്രോപ്പെര്‍ട്ടീസ്, മൈക്ക് സെറ്റ്, സ്റ്റേജ് 
8. സര്‍ട്ടിഫിക്കറ്റുകള്‍, സമ്മാനങ്ങള്‍ 
9. മരുന്നുകള്‍, മറ്റ് അത്യാവശ്യ സാധനങ്ങള്‍, അല്ലറ ചില്ലറ.


ഓരോ വിഭാഗങ്ങളിലേയും ചെലവിന്റെ ഒരു വിശദ രൂപം ഞങ്ങള്‍ പ്രത്യേകമായി തയാറാക്കുന്നുണ്ട്. 
ഇതില്‍ കഴിയുന്നിടത്തോളം കാര്യങ്ങള്‍ സ്പോണ്‍സര്‍ഷിപ്പു വഴി സംഘടിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന് ക്യാമ്പിനുള്ളില്‍ കുട്ടികള്‍ക്കുണ്ടാകുന്ന ചികിത്സാവശ്യങ്ങള്‍ ചെറുന്നിയൂരിലെ വി ആര്‍ ഹോസ്പിറ്റല്‍ സ്പോണ്‍സര്‍ ചെയ്തിട്ടുണ്ട്, സ്ഥലം വാടകയില്ലാതെ ഉപയോഗിക്കാന്‍ സ്കൂളില്‍ നിന്ന് അനുവാദം ലഭിച്ചു കഴിഞ്ഞു, ഭക്ഷണം റെഡ്സ്റ്റാറിന്റെ വകയാണ്. ലഘു ഭക്ഷണങ്ങള്‍ വ്യക്തികളേയും സംഘടനകളേയും കൊണ്ട് സ്പോണ്‍സര്‍ ചെയ്യിക്കുന്നുണ്ട്
 ,കഴിയുന്നിടത്തോളം സ്വകാര്യ വാഹങ്ങള്‍ ഉപയോഗിക്കണം. സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിവിധ വ്യക്തികളില്‍ നിന്നും ഫ്രണ്ട്സ് അക്കാഡമി പോലുള്ള പ്രസ്ഥാനങ്ങളില്‍ നിന്നും ലഭ്യമാക്കും, കഴിയുമെങ്കില്‍ വ്യത്യസ്തമായ സമ്മാനങ്ങള്‍ (നാടന്‍ വാഴക്കുല, പച്ചക്കറികള്‍, വിവിധ കലാകാരന്‍‌മാരുടെ കലാരൂപങ്ങള്‍, സ്റ്റാമ്പ് കളക്ഷനുകള്‍, ക്ലാസ്സിക് ചലച്ചിത്രങ്ങളുടെ സീ ഡികള്‍, അയല്‍ക്കൂട്ടങ്ങളുടേയോ കുടുംബ ശ്രീകളുടേയോ ഉല്പന്നങ്ങള്‍ അങ്ങനെയങ്ങനെ) പരീക്ഷിക്കണം


തുടര്‍ന്നുണ്ടാകുന്ന ചെലവുകള്‍, ബുക്ക് കൌണ്ടറുകള്‍ തുറന്നും 
താല്‍പര്യമുള്ള ഒരു ചെറിയ സംഘത്തില്‍ നിന്നു മാത്രം പിരിവെടുത്തും സംഘടിപ്പിക്കും. 

ഇതോടൊപ്പം തന്നെ കുട്ടികളില്‍ നിന്നും അഡ്മിഷന്‍ തുകയായി 100 രൂപ വാങ്ങുന്നതാണ്. സാമ്പത്തികമായ ലാഭമല്ല ഈ ഫീസിന്റെ ഉദ്ദേശം. ഈ ക്യാമ്പോ അതിനെ തുടര്‍ന്നുണ്ടാകുന്ന പ്രവര്‍ത്തനങ്ങളോ വിലയില്ലാത്ത ഒന്നായി പങ്കെടുക്കുന്നവരോ അവരുമായി ബന്ധപ്പെട്ട സമൂഹമോ കാണാതിരിക്കുവാനുള്ള ബോധപൂര്‍വ്വമായ ഒരു തീരുമാനമാണിത്. എന്നാല്‍ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവപ്പെടുന്ന കുട്ടികള്‍ക്ക് ഫീസിളവ് നല്‍കുന്നതാണ്. 

പരിപാടി കഴിഞ്ഞ ശേഷം വരവുചിലവു കണക്കുകള്‍ ബന്ധപ്പെട്ടു നില്‍ക്കുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കും പരിശോധിക്കാവുന്നതാണ് 

പ്രഗത്ഭരായ വ്യക്തികള്‍ റിസോഴ്സുകളായി ഉണ്ടാവുമെന്നു പറഞ്ഞല്ലോ.. ആരൊക്കെയാവും അവര്‍ എന്നു തീരുമാനമായോ?
 

തീര്‍ച്ചയായും.. ഞങ്ങള്‍ ഈ പരിപാടിയുടെ റിസോഴ്സ് പേഴ്സണ്‍സ് ആയി പങ്കെടുപ്പിക്കണമെന്ന് ഉദ്ദേശിച്ച് ആശയ വിനിമയം നടത്തിക്കൊണ്ടിരിക്കുന്ന ആള്‍ക്കാര്‍ ഇവരൊക്കെയാണ് 




1. പ്രോഫ: എസ് രാമാനുജം (ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു നാടകപ്രവര്‍ത്തകനാണ് ഇദ്ദേഹം) 
2. ശ്രീ. ബ്രഹ്മനായകം (ആനന്ദ് ജ്യോതിയുടെ ഡയറക്ടര്‍, നാഷണല്‍ ലെവല്‍ യൂത്ത് ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍) 
3. ശ്രീ. ആര്‍. രാധാകൃഷ്ണന്‍ (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റ്) 
4. ശ്രീ. രവി പടിഞ്ഞാറെ (അദ്ധ്യാപകന്‍, ഫൈന്‍ ആര്‍ട്സ് കോളേജ്, തൃശൂര്‍) 
5. ശ്രീ. ഹരിദാസ് കുന്നത്തേരി (നാടക പ്രവര്‍ത്തകന്‍) 
6. ശ്രീ. സുനില്‍. എസ് (ലക്ചറര്‍, സ്കൂള്‍ ഓഫ് ഡ്രാമ) 
7. ശ്രീ. രാജേഷ് നാവത്ത് (നാടക പ്രവര്‍ത്തകന്‍, സ്കൂള്‍ ഓഫ് ഡ്രാമ) 
8. ശ്രീ. സുനില്‍ വക്കം (നാടക പ്രവര്‍ത്തകന്‍, സ്കൂള്‍ ഓഫ് ഡ്രാമ) 
9. ശ്രീ. സുകു നൂറനാട് (നാടക പ്രവര്‍ത്തകന്‍, സ്കൂള്‍ ഓഫ് ഡ്രാമ) 
10. ശ്രീ. വയലാ വാസുദേവന്‍ പിള്ള ( മുന്‍ ഡയറക്ടര്‍, സ്കൂള്‍ ഓഫ് ഡ്രാമ) 
11. ശ്രീ. രതീഷ് പി ആര്‍ (ലക്ചറര്‍, മ്യൂസിക് ഡിപ്പാര്‍ട്ട്മെന്റ്, കാലടി സംസ്കൃത സര്‍വകലാശാല) 
12. ശ്രീ. രാജശേഖരന്‍ (പ്രിന്‍സിപ്പല്‍, കേരള കലാമണ്ഡലം, ചെറുതുരുത്തി) 
13. ശ്രീ. കുമാരവര്‍മ്മ (ഡയറക്ടര്‍, സ്കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്സ്, തൃശൂര്‍) 
14. ശ്രീ. മധു കെ എസ് (എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഹിബിസ്ക്കസ് ഡിജിറ്റല്‍ മീഡിയ) 
15. ശ്രീ. പ്രിയനന്ദനന്‍ (ഫിലിം ഡയറക്ടര്‍) 
16. ശ്രീമതി. ജെ. ശൈലജ (ഫെസ്റ്റിവല്‍ ഡയറക്ടര്‍ - IFToK, കേരള സംഗീത നാടക അക്കാദമി ) 


ഇവര്‍ക്കു പുറമേ, സംഘാടകരായ 




1. കൊളംബസ് (റെഡ്സ്റ്റാര്‍, ഡയറക്ടര്‍ - ഹിബിസ്ക്കസ് മീഡിയ) 
2. ടി എസ് സജി (സൈന്‍സ് എന്‍സെമ്പിള്‍ ആര്‍ട്സ്, നാടകപ്രവര്‍ത്തകന്‍ സ്കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്സ്, ക്യാമ്പ് ഡയറക്ടര്‍) 
3. അരുണ്‍ രവി (സൈന്‍സ് എന്‍സെമ്പിള്‍ ആര്‍ട്സ്, സോഫ്റ്റ്വെയര്‍ പ്രൊഫഷണല്‍ - ടെക്നോപാര്‍ക്ക്)
എന്നിവരുടേയും സെഷനുകള്‍ ഉണ്ടായിരിക്കും 


അപ്പോള്‍ ഓരോ ദിവസവും എന്തൊക്കെയാ ഉണ്ടാവുക?
 

ഷെഡ്യൂള്‍ ഇതാണ് 

ഒന്നാം ദിവസം: 19 - 04 - 2009 ഞായര്‍ 

9.00 മുതല്‍ : എന്റെ പേര്.. നിന്റേയും (രജിസ്ട്രേഷന്‍, മഞ്ഞുരുക്കല്‍) 
10 മുതല്‍ : ഇതെന്താ പരിപാടി? (ക്യാമ്പ് ഡയറക്ടര്‍ ടി. എസ്. സജി സംസാരിക്കുന്നു) 
11.00 മുതല്‍ : ശില്പശാല ഉദ്ഘാടനവും സോദാഹരണ ക്ലാസ്സും. (വയലാ വാസുദേവന്‍ പിള്ള) 
വിഷയം : കളി - കല - ഭാഷ - വളര്‍ച്ച 
1.00 മുതല്‍ 2.00 വരെ : കഴിക്കണ്ടേ?.. 
2.00 മുതല്‍ : ശില്പ ശാലാ നാടകത്തിന്റെ തുടക്കം (എസ്. രാമാനുജം) 
6. 30 മുതല്‍ : നാടകോത്സവം - ഉദ്ഘാടനം (അതിഥികളായ കുട്ടികള്‍) 
7.00 മുതല്‍ : കുട്ടികളുടെ നാടകങ്ങള്‍ (സംസ്ഥാന യുവജനോത്സവത്തില്‍ ഒന്നാം സ്ഥാനം, മികച്ച അഭിനേത്രിക്കുള്ള സമ്മാനം എന്നിവ ലഭിച്ച നാടകം, മികച്ച ശാസ്ത്ര നാടകം എന്നിവയുണ്ടാകും. അവതരണം - വടകര മേമുണ്ട ഹൈസ്കൂള്‍) 

രണ്ടാം ദിവസം: 20 - 04 - 2009 തിങ്കള്‍ 

9 മണി മുതല്‍ : വ്യായാമക്കളികള്‍ 
10.00 മുതല്‍ : ഈ ഭൂമീന്റെ പേരാണ് നാടകം.. (സുകു നൂറനാട്) 
1.00 മുതല്‍ 2.00 വരെ : അടുത്ത ബെല്ലിന് ഊണ് തുടങ്ങുന്നതാണ് ! ട്ര്‌ണിം ! 
2.00 മുതല്‍ 4.00 വരെ : കൊറച്ചു കൂടെ നാടകം പഠിക്കാം (അഭിനയം, ആംഗികം, വായ്മൊഴി, വരമൊഴി) 
4.00 : ചായ ചായാ... 
4.15 മുതല്‍ 6.30 വരെ: കളിയൊരുക്കം 
7.00 മുതല്‍ വെഞ്ഞാറമൂട് രംഗപ്രഭാതിന്റെ (കുട്ടികളുടെ തീയേറ്റര്‍ ഗ്രൂപ്പ്) നാടകം 

മൂന്നാം ദിവസം: 21 - 04 - 2009 ചൊവ്വ 

9 മണി മുതല്‍ : വ്യായാമക്കളികള്‍ 
10 മണിക്ക് ആനന്ദ് ജ്യോതിയിലേക്കൊരു യാത്ര 
10.30 മുതല്‍ : ഒരു വലിയ കൂട്ടം ഞങ്ങള്‍. (ആനന്ദ് ജ്യോതിയെ പരിചയപ്പെടല്‍ - ബ്രഹ്മനായകം. എം) 
1.00 മുതല്‍ 2.00 വരെ : ഇന്ന് ഇവരോടൊപ്പം ഊണ് (ആനന്ദ് ജ്യോതി കുടുംബത്തോടൊപ്പം ഉച്ച ഭക്ഷണം) 
2.30 മുതല്‍ 4.00 വരെ : ഇനീം ഇനീം കൂട്ടുകാരാവാം 
4.00 : ഇനി ബാക്കി ചായ കുടിച്ചിട്ട്... 
4.15 മുതല്‍ 6.30 വരെ: കളിയൊരുക്കം 
7. 00 മുതല്‍ : നാടന്‍ പാട്ടും നാടോടിക്കലകളും (അവതരണം : വരമൊഴിക്കൂട്ടം - തിരുവനന്തപുരം) 

നാലാം ദിവസം: 22 - 04 - 2009 ബുധന്‍ 

9 മണി മുതല്‍ : വ്യായാമക്കളികള്‍ 
10.00 മുതല്‍ : വരകളും നിറങ്ങളും ഞങ്ങളും. (രവി പടിഞ്ഞാറെ) 
1.00 മുതല്‍ 2.00 വരെ : ഊണിനെന്താവ്വോ ആവോ !! 
2.00 മുതല്‍ 4.30 വരെ : മണ്ണും മനസ്സും കരവിരുതും (ശില്പകല) (രവി പടിഞ്ഞാറെ) 
4.30: ഇന്നെങ്കിലും പഴം പൊരിയുണ്ടാവുമോ എന്തോ?... 
4.45 മുതല്‍ 6.30 വരെ: കളിയൊരുക്കം 
7. 00 മുതല്‍ : ടാക്കീസ് - ചലച്ചിത്ര പ്രദര്‍ശനം : കേരള ചലച്ചിത്ര അക്കാദമി 

അഞ്ചാം ദിവസം: 23 - 04 - 2009 വ്യാഴം 

9 മണി മുതല്‍ : വ്യായാമക്കളികള്‍ 
10.00 മുതല്‍ : പറഞ്ഞ കഥ കാര്യമാകുമ്പോള്‍ (സുനില്‍ വക്കം) 
1.00 മുതല്‍ 2.00 വരെ : കാര്യമായിട്ടു തന്നെ വിശക്കുന്നല്ലേ ! 
2.00 മുതല്‍ 4.30 വരെ : പരിസ്ഥിതി - അതെന്തു സ്ഥിതി? (ആര്‍. രാധാകൃഷ്ണന്‍ - മുന്‍ സംസ്ഥാന പ്രസിഡന്റ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്) 
4.30 : ചായ ചായാ... 
4.45 മുതല്‍ 6.30 വരെ: കളിയൊരുക്കം 
7. 00 മുതല്‍ : ടാക്കീസ് - ചലച്ചിത്ര പ്രദര്‍ശനം (കേരള ചലച്ചിത്ര അക്കാദമി) 

ആറാം ദിവസം: 24 - 04 - 2009 വെള്ളി 

9 മണി മുതല്‍ : വ്യായാമക്കളികള്‍ 
10.00 മുതല്‍ : ശബ്ദം, താളം, ചലനം - പാട്ടിന്റെ വഴികള്‍ (ഹരിദാസ് കുന്നത്തേരി) 
1.30 മുതല്‍ 2.30 വരെ : ഹാവൂ.. വിശക്കുന്നേ! 
2.30 മുതല്‍ 4.00 വരെ : കുട്ടിസിനിമ (സുനില്‍ എസ്) 
4.00 : അടുത്ത ഫ്രെയിമില്‍ ചായയുടെ ക്ലോസ് അപ്പ് വ്യൂ! 
4.15 മുതല്‍ 6.30 വരെ: കളിയൊരുക്കം. 
7. 00 മുതല്‍ : ടാക്കീസ് - ചലച്ചിത്ര പ്രദര്‍ശനം (കളിയൊരുക്കം) 
8. 30 മുതല്‍ : സെക്കന്റ് ഷോ- ചലച്ചിത്ര പ്രദര്‍ശനം (കേരള ചലച്ചിത്ര അക്കാദമി) 

ഏഴാം ദിവസം: 25 - 04 - 2009 ശനി 

9 മണി മുതല്‍ : വ്യായാമക്കളികള്‍ 
10.00 മുതല്‍ : നാട്ടിലെ കളിയും നാടകക്കളിയും (രാജേഷ് നാവത്ത്, സ്കൂള്‍ ഓഫ് ഡ്രാമ) 
1.00 മുതല്‍ 2.00 വരെ : വെശക്കുന്നണ്ണാ.. ചോറുണ്ണാം..! 
2.00 മുതല്‍ 4.00 വരെ : കഥ-കളി (എസ്. രാജശേഖരന്‍) 
4.00 : ചായ വട... 
4.15 മുതല്‍ 6.30 വരെ: കളിയൊരുക്കം 
7. 00 മുതല്‍ : ടാക്കീസ് - ചലച്ചിത്ര പ്രദര്‍ശനം (കേരള ചലച്ചിത്ര അക്കാദമി) 

എട്ടാം ദിവസം: 26 - 04 - 2009 ഞായര്‍ 

9 മണി മുതല്‍ : വ്യായാമക്കളികള്‍ 
10.00 മുതല്‍ : അനിമേഷനുണ്ണിയും അപ്പൂപ്പന്‍ താടിയും (ഹിബിസ്ക്കസ് മീഡിയ, തിരുവനന്തപുരം) 
1.00 മുതല്‍ 2.00 വരെ : ഇനിയെല്ലാം ഊണു കഴിച്ചിട്ട്.. 
2.00 മുതല്‍ 3.30 വരെ : സ്റ്റേജു വേണ്ടേ? സാധനങ്ങളെവിടെ? 
3.30 : ചായ വട... 
3.45 മുതല്‍ 5 വരെ: എന്തു നേടി? (കുട്ടികളുടെ ചിന്തകള്‍) 
5 മുതല്‍ : അനുമോദനം, സമ്മാനങ്ങള്‍ 
6 മണി മുതല്‍ : ഞങ്ങളുടെ നാടകം (ക്യാമ്പ് പ്രൊഡക്ഷന്‍) 
7. 30 മുതല്‍ : ലഘു നാടകങ്ങള്‍ (Theatre Sketches) 



അപ്പോള്‍ എങ്ങിനെയാ ഈ ക്യാമ്പിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നത്?



ഈ ക്യാമ്പിന്റെ പ്രത്യേക സ്വഭാവം വച്ച് നമുക്കൊരിക്കലും കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ കഴിയില്ല. ഒരു നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ കുട്ടികളായി കഴിഞ്ഞാല്‍ അതു ക്യാമ്പിന്റെ ഗുണത്തെ തന്നെ ബാധിക്കുകയും ചെയ്യും. 25 മുതല്‍ 30 വരെ കുട്ടികള്‍ക്കുള്ള സം‌വിധാനങ്ങള്‍ മാത്രമേ നമുക്കൊരുക്കാന്‍ കഴിയൂ. ഈ കുട്ടികളുടെ തിരഞ്ഞെടുപ്പിനായി കഴിഞ്ഞ ഏപ്രില്‍ 6ന് ചെറുന്നിയൂര്‍ സ്കൂളില്‍ വച്ച് ഒരു ഏകദിന ക്യാമ്പ് ഒരുക്കിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട കുട്ടികളെ വിവരം അറിയിച്ചിട്ടുണ്ട് 



ഈ ക്യാമ്പിന്റെ പബ്ലിസിറ്റി എങ്ങനെയായിരിക്കും ?



നല്ല സിനിമകളും നല്ല പരിപാടികളും word of mouth വഴിയായിരിക്കും പ്രസിദ്ധമാകുക എന്നു പണ്ടേതോ മഹാന്‍(മാര്‍) പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ അതു വിശ്വസിച്ചിരിക്കാന്‍ പറ്റുമോ? അതു കൊണ്ട് പല വിധത്തിലുള്ള മാധ്യമങ്ങളെ ഉപയോഗിക്കാന്‍ പല പദ്ധതികളും തയാറാക്കുന്നുണ്ട്. ക്യാമ്പിനെ പറ്റിയുള്ള എല്ലാ വിവരങ്ങളും "കളിയിടം" എന്ന ബ്ലോഗില്‍ (url: http://draftanswers.blogspot.com/) ലഭ്യമാണ്. സ്ഥിരം പബ്ലിസിറ്റി മാധ്യമങ്ങളായ പത്രങ്ങള്‍, പോസ്റ്ററുകള്‍, നോട്ടീസുകള്‍, അലങ്കാരങ്ങള്‍, ബ്രോഷറുകള്‍ എന്നിവയ്ക്കു പുറമേ, പ്രാദേശിക ടി വി ചാനലുകള്‍, എഫ് എം റേഡിയോ ചാനലുകള്‍, യൂട്യൂബ് എന്നിവയുടെ സാധ്യതകളും ഞങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഇതിനു പുറമേ പ്രാദേശികവും അല്ലാത്തതുമായ മാഗസിനുകളിലും ഈ പ്രവര്‍ത്തനത്തിന്റെ കവറേജ് എങ്ങിനെ ഉള്‍പ്പെടുത്താം എന്ന് ആലോചിക്കുന്നുണ്ട്.



എന്തിനാ ഇത്രയേറെ പബ്ലിസിറ്റി?



ന്യായമായ ചോദ്യം. വെറുമൊരു ക്യാമ്പിന് ഇത്രയേറെ പബ്ലിസിറ്റിയുടെ ആവശ്യമില്ല. എന്നാല്‍ ഈ ക്യാമ്പിന്റെ ഫോളോ അപ്പിന് ഈ പബ്ലിസിറ്റി ആവശ്യമാണ്. ഇതുമായി ചേര്‍ന്നു നില്‍ക്കുന്ന എല്ലാ പ്രസ്ഥാനങ്ങളുടേയും മുന്നോട്ടുള്ള യാത്രയില്‍ ഈ പ്രചാരണം നല്‍കുന്ന ഊര്‍ജ്ജം ആവശ്യമാണ്.





ശരി ശരി.. കാര്യമൊക്കെ കൊള്ളാം.. എന്നാ നിങ്ങളിനി കൃത്യമായ വിവരങ്ങ‍ളൊക്കെ അറിയിക്കുന്നത്? 


മാര്‍ച്ച് മാസം പതിനെട്ടിനും ഇരുപതിനും ഇടയില്‍ ഈ പരിപാടിയെ പറ്റിയുള്ള അറിയിപ്പ് വിവിധ സ്കൂളുകളിലേക്ക് എത്തിച്ചിരുന്നു. അതിനെ തുടര്‍ന്ന് മാര്‍ച്ച് 21 ന് ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തകരേയും സംഘടനകളേയും ഉള്‍പ്പെടുത്തി ഒരു സ്വാഗതസംഘം രൂപീകരിച്ചു. ഈ സ്വാഗതസംഘത്തില്‍ ഓരോ വ്യക്തിയും സംഘടനയും ഈ പ്രവര്‍ത്തനത്തില്‍ വഹിക്കുന്ന റോള്‍ എന്താണെന്നുള്ളത് വ്യക്തമായി തീരുമാനിക്കുകയും ചെയ്തു. സ്വാഗതസംഘം രൂപീകരിക്കുന്ന സബ് കമ്മിറ്റികള്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ശ്ശോ..!! പറഞ്ഞു പറഞ്ഞു പേടിയായി തുടങ്ങി.. 

..പണിയൊരുപാടുണ്ട് മാഷേ.. അപ്പോ ശരി.. ഉടന്‍ തന്നെ കാണാം.. 
ഇപ്പോഴേക്ക് റ്റാറ്റാ ബൈ ബൈ..


Monday, December 29, 2008

ഒരു പാരഗ്രാഫിനെ കാണുക -
ഒരു വാക്കിനെയോര്‍ത്ത് മറ്റേതോ നിസ്സാരതയില്‍ അതു ജനിക്കുന്നു
മരിക്കും മുന്‍പവന്‍, ജനിക്കും മുന്‍പവന്‍ കുറിച്ച അതേ വാക്ക് കുറിക്കുന്നു
പിന്നെ മരിക്കുന്നു.
ഉറയ്ക്കാത്തൊരു വര
ഇരു വശത്തേക്കും ദിശ കാട്ടുന്നൊരു വെക്ടര്‍
ഉറുമ്പുകള്‍ നടന്നു പോകുന്നു